പത്തനംതിട്ട: പശ്ചിമഘട്ട സംരക്ഷണമെന്ന പേരില്‍ പരിസ്ഥിതിലോല മേഖലകള്‍ (ഇഎസ്എ) സംബന്ധിച്ചു കേന്ദ്ര സര്‍ക്കാര്‍ വീണ്ടും പുറപ്പെടുവിച്ച കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെട്ട ജനവാസ മേഖലകളില്‍ ആശങ്ക ഒഴിയുന്നില്ല. കഴിഞ്ഞ 12 വര്‍ഷത്തിനിടെ ഏഴാമത്തെ വിജ്ഞാപനമാണ് പുറത്തുവന്നിരിക്കുന്നത്. ജനവാസ മേഖലകള്‍ ഒഴിവാക്കപ്പെടണമെന്ന ്ഓരോ ഘട്ടത്തിലും നിര്‍ദേശങ്ങള്‍ നല്‍കിയെങ്കിലും ഇതു പരിഗണിക്കാതെ ഓരോ തവണയും വിജ്ഞാപനം വരുന്നതാണ് ജനങ്ങളില്‍ ആശങ്കയ്ക്കു കാരണമാകുന്നത്.
കരട് വിജ്ഞാപനത്തില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത് ജില്ലയിലെ മലയോര പ്രദേശങ്ങളായ കൊല്ലമുള, പെരുനാട്, സീതത്തോട്, ചിറ്റാര്‍, വടശേരിക്കര, തണ്ണിത്തോട്, അരുവാപ്പുലം വില്ലേജുകളാണ്. ജനങ്ങള്‍ ഏറ്റവുമധികം തിങ്ങിപ്പാര്‍ക്കുന്ന പ്രദേശങ്ങളാണിവ. പരിസ്ഥിതിലോല പ്രദേശങ്ങളില്‍ ഉള്‍പ്പെടുത്തി ഈ വില്ലേജുകളെ പ്രഖ്യാപിക്കുന്നത് ജനജീവിതത്തെയും കൃഷി ഉള്‍പ്പെടെയുള്ള ദൈനംദിന പ്രവര്‍ത്തനങ്ങളെയും ദോഷകരമായി ബാധിക്കും..
പരിസ്ഥിതിലോല പ്രദേശങ്ങളെ സംബന്ധിച്ച് കേന്ദ്ര സര്‍ക്കാര്‍ നിയോഗിച്ച മാധവ് ഗാഡ്ഗില്‍ കമ്മിറ്റി റിപ്പോര്‍ട്ടിലെ ജനങ്ങളുടെ ആശങ്കകള്‍ പരിഹരിച്ച് പുതിയ നിര്‍ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിന് ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് നിയോഗിച്ച ഡോ. ഉമ്മന്‍ വി. ഉമ്മന്‍ കമ്മിറ്റി സമര്‍പ്പിച്ച നിര്‍ദേശങ്ങള്‍ പരിഗണിക്കാതെയാണ് വീണ്ടും ജനവാസ മേഖലകളെ ഉള്‍പ്പെടുത്തി കരട് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
2024ലെ കരട് വിജ്ഞാപനത്തെത്തുടര്‍ന്ന് ഫീല്‍ഡ് പരിശോധന നടത്തിയ സംസ്ഥാനത്തെ 98 വില്ലേജുകളിലായി 8656.46 ചതുരശ്ര കിലോമീറ്റര്‍ ഇഎസ്ഐ ഉള്‍പ്പെട്ടിരുന്നത് പുതിയ കരട് വിജ്ഞാപനത്തില്‍ 131 വില്ലേജുകളിലെ 9993.7 ചതുരശ്ര കിലോമീറ്ററായതാണ് ജില്ലയിലെ ജനവാസമേഖലകള്‍ ഉള്‍പ്പെടാന്‍ കാരണമായതെന്ന് പറയുന്നു.
കാര്‍ഷികമേഖലയ്ക്കും ആശങ്ക
പരിസ്ഥിതിലോല മേഖലകളില്‍ കടുത്ത നിയന്ത്രണങ്ങള്‍ വരുമെന്നതിനാല്‍ ഭൂമി ഇളക്കിയുള്ള കൃഷിപോലും വിലക്കപ്പെടും. നിലവില്‍ കാട്ടുമൃഗശല്യം നേരിടുന്ന പ്രദേശങ്ങളാണ് ഇവയിലേറെയും. മൃഗങ്ങളെ പ്രതിരോധിച്ചുള്ള കൃഷിരീതികളാണ് പലരും അവലംബിക്കുന്നത്. കര്‍ഷകരുടെ ഭൂപ്രദേശങ്ങളില്‍ നട്ടുവളര്‍ത്തിയിട്ടുള്ള മരങ്ങള്‍ മുറിക്കുന്നതിനുപോലും നിലവില്‍ നിയന്ത്രണങ്ങളാണ്. പരിസ്ഥിതിലോല മേഖല പ്രഖ്യാപനം നിലനില്‍ക്കുന്നതിനാല്‍ ഭൂമി കൈമാറ്റം ചെയ്യാനുമാകില്ല. പട്ടയംപോലും ലഭിക്കാത്ത ഭൂപ്രദേശങ്ങളും ഈ വില്ലേജുകളിലുണ്ട്.
തണ്ണിത്തോട്ടില്‍ സര്‍വകക്ഷിയോഗം
കോന്നി: പശ്ചിമഘട്ട പരിസ്ഥിിതിലോല മേഖല സംബന്ധിച്ച കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ ഏഴാമതു വിജ്ഞാപനത്തിലും തണ്ണിത്തോട് വില്ലേജ് ഉള്‍പ്പെട്ടതിനാല്‍ പ്രദേശവാസികള്‍ ആശങ്കയില്‍. കേന്ദ്ര, സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്താനായി ജനങ്ങളുടെ അഭിപ്രായങ്ങളനുസരിച്ച് തീരുമാനമെടുക്കാൻ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സര്‍വകക്ഷിയോഗം ചേര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് ലില്ലി ബാബു അധ്യക്ഷത വഹിച്ചു. പരിസ്ഥിതി പ്രവര്ത്തകന് ടി.കെ. സാജു, ജനകീയ കര്‍ഷകസമിതി ചെയര്മാന് ജോണ്‍ മാത്യു ചക്കിട്ടയില്‍ എന്നിവര്‍ പരിസ്ഥിതിലോല മേഖലയുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ വിശദീകരിച്ചു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് ജോയി ചിറ്റരുവിക്കല്‍, ജില്ലാ പഞ്ചായത്തംഗം എം.വി. അമ്പിളി, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ പി.സി. ശ്രീകുമാര്‍, പ്രിയ എസ്.തമ്പി, പഞ്ചായത്തംഗങ്ങള്‍, വിവിധ രാഷ്്ട്രീയപാര്‍ട്ടി പ്രതിനിധികള്‍, വൈദികര്‍, സമുദായ നേതാക്കള്‍, കര്‍ഷക പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്തു.
ജനവാസ മേഖലകള്‍ ഒഴിവാക്കണം: എംസിഎ
മൈലപ്ര: ജനവാസഗ്രാമങ്ങളും കൃഷിഭൂമികളും ഇഎസ്എയുടെ പരിധിയില്‍നിന്ന് ഒഴിവാക്കണമെന്നും വന്യമൃഗങ്ങളുടെ ആക്രമണത്തില്‍നിന്ന് ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം ഉറപ്പാക്കണമെന്നും മലങ്കര കാത്തലിക് അസോസിയേഷന് റാന്നി - പെരുനാട് വൈദികജില്ലാ സമ്മേളനം ആവശ്യപ്പെട്ടു.
യോഗം ജില്ലാ വികാരി ജോസ് കളവിള ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് തോമസ് ജോണ്‍ അധ്യക്ഷത വഹിച്ചു. ഫാ വര്‍ഗീസ് ചാമക്കാല, ജോസ്് മാത്യു, സുജ ബാബു, റോസ് ജോണ്‍, ജോര്‍ജ് യോഹന്നാന്, ഏബ്രഹാം പുറത്തൂട്ട്, തോമസ് ഏബ്രഹാം, സജി അലക്സാണ്ടര്‍, ഡോ.വി. സി ചെറിയാന് തുടങ്ങിയവര്‍ പ്രസംഗിച്ചു.